Wednesday, January 23, 2008

നല്ലനടപ്പിനു ചില വഴികള്‍


സിംഹപുരിയില്‍ അല്‍പം നീണ്ട കാലം താമസിക്കാന്‍ വിധിക്കപ്പെട്ട ആളാണു താങ്കള്‍... പക്ഷെ പതിവു ടൂറിസ്റ്റ്‌ ആകര്‍ഷണങ്ങള്‍ പല തവണ കണ്ടു മടുത്തുവെങ്കില്‍.. നഗര കാഴ്ചകളിലെ വന്യത മനം മടുപ്പിക്കുന്നുവെങ്കില്‍..... എങ്കില്‍.....ഒന്നു വഴി മാറി നടന്നു നോക്കാം.ഈ നഗര രാഷ്രട്ത്തില്‍ എണ്ണിയാലൊടുങ്ങാത്ത നടവഴികള്‍ ഉണ്ടു!
പരസപ്പരബന്ധിതമായതും ,അല്ലാത്താതും.. ചിലതു വന്‍ ജന തിരക്കുള്ളതു..ഈസ്റ്റ്‌ കോസ്റ്റ്‌ പാര്‍ക്ക്‌ ,വെസ്റ്റ്‌ കോസ്റ്റ്‌ പാര്‍ക്ക്‌ ,പാസിറിസ്‌ പാര്‍ക്ക്‌ പോലെ ..സൈക്ലിങ്ങിംഗ്‌ ,കാമ്പിംഗ്‌, ബാര്‍ബെക്യൂ തുടങ്ങിയ ജനപ്രിയ പരിപാടികളാല്‍ എന്നും എപ്പോഴും തിരക്കേറിയത്....വരുവാനില്ലാരുമീ വിജനാമീവഴിയക്കു എന്നു ചോദിപ്പിക്കുന്ന അപൂര്‍വം മറ്റു ചിലതും....


ഈ രണ്ടു ചിത്രങളില്‍ കാണുന്നതു, bukit thimah (ബുക്കിറ്റ്‌ തീമാ) കുന്നിന്‍ മുകളിലേക്കുള്ള പാതയാണു ..ഇനിയും അവശേഷിക്കുന്ന മഴകാടുകളുടെ സാമീപ്യം അനുഭവിക്കാം എന്നതാണു ഇവിടുത്തെ ഒരു സവിശേഷത.....സിംഗപൂരിലെ എവെറെസ്റ്റ് ആണിതു ..(ചിത്രലേഖയുടെ ഹെഡര്‍ ചിത്രം അതിന്റെ ദൂരകാഴ്ച്ചയാണ് ). ശാന്തസുന്ദരമായ വാരാന്ത്യ എക്സെര്‍സിസിനു ഏറ്റവും പറ്റിയൊരിടം,..ഈ കയറ്റവും സ്റ്റെപ്സും ഒക്കെ കയറി മുകളിലെത്തുമ്പോള്‍ ശ്വാസകോശത്തില്‍ ശുദ്ധവായു താനെ നിറയും...നട്ടുച്ചയ്ക്കുകയറിയാല്‍ പോലും തണലും ചീവിടിന്റെ സംഗീതവും പച്ചിലകളുടെ മണവും ഒക്കെ ആയി ഈ നടപ്പു അഥവാ കയറ്റം ഏറെ ആസ്വാദ്യകരമാണു,ഫലപ്രദവും ...അവസാനത്തെ പുലിയെ 1930 വേട്ടയാടി എന്നും ജപ്പാന്‍ അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ്പിലെ ഒരു പ്രധാന പ്രതിരോധം ഇവിടെത്തെ ക്യാമ്പു ആയിരുന്നുവെന്നും ഫലകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു....ഇപ്പോള്‍ കുറെ കുരങ്ങന്‌‍മാറ് മാത്രമാണു സ്ഥിരവാസികള്‍...കുന്നിനെചുറ്റിയും കുറെ പാതകള്‍ ഉണ്ടു. മാക് റിച്ചി റിസെറ്‌വോയ്റിലെക്കു നീളുന്ന 12 കി മി ട്രെക്കിംഗ്‌ ട്രാക് ഇവിടെ നിന്നു തുടങുന്നു ..


ഇതു Mac Ritchie യിലെ tree top walk..മരങ്ങളുടെ മുകളിലൂടെ നടക്കുന്നതിന്റെ ത്രില്‍ അനുഭവിക്കാം


കെന്റ് റിഡ്ജ് പാറ്‌ക്കിലെ canopy walk ഒരു രസകരമായ അനുഭവമാണു..ഇതൊന്നും കൊണ്ടവസാനിക്കുന്നില്ല... എല്ലാ തോടും തടാകവും മൊത്തം ബന്ധിപ്പിച്ചു ആകെ നാടിനെ മാറ്റി മറിക്കാനുള്ള പരിപാടിയ്ക്കും പ്ലാന്‍ തയ്യാറായി കഴിഞു:(


സിംഹപുരിയെ എനിക്കു കുറച്ചെങ്കിലും പ്രിയങ്കരമാകുന്നതു ഇത്തരം നടവഴികളാണ്..നല്ല നടപ്പിനു പ്രേരിപ്പിന്നവ..നടക്കൂ ..നടക്കൂ അതു ലൈഫ് സ്റ്റൈല്‍ ഡിസീസ് മുതല് ‍അല്‍‌ഷിമെഴ്സിനു എതിരെ വരെ ഫലപ്രദം എന്നാണല്ലൊ പുതിയ ആരോഗ്യ മന്ത്രം. അഗ്സ്ത്യ കൂടവും ശബരിമലയുമൊക്കെ സന്ദറ്ശിക്കുന്ന പുരുഷ ജനത്തിനു ഒരു പക്ഷെ ഇതില്‍ അത്രയ്ക്കു പുതുമ തോന്നുമോ എന്നറിയില്ല,കെട്ടിയൊരുക്കിയ പടവുകളിലും ടാറ് പാതകളിലും അല്പം കൃത്രിമത്വം അനുഭവപ്പെട്ടാലും പ്രകൃതിയിലേക്കുള്ള ആയാസരഹിതവും സുരക്ഷിതവുമായ ഈ ചെറിയ എത്തി നോട്ടങള്‍ സ്ത്രീ ജനങള്‍ക്കാണു തീറ്‌ച്ചയായും കൂടുതല്‍ ഇഷ്ടമാവുക. ...(ഞാന്‍ ഗാരന്റി..എങ്കിലും ഒറ്റയ്ക്കും അസമയത്തുമുള്ള സന്ദറ്‌ശനങള്‍ ശുപാറ്‌‌ശ ചെയ്യുന്നില്ല)


ഇത്തരം വൈല്‍ഡ് റിസെറ്‌വ്കള്‍ ,പാറ്ക്കുകള്‍ കൂടാതെ എല്ലാ ടൌണ്‍ ഷിപ്കള്‍ക്കും അരികിലായി ജോഗ്ഗിഗ്, സൈക്ലിങ് ട്രാക്കുകള്‍ കാണം. കുട്ടി-പട്ടി സഹിതം എക്‍സെറ്‌സൈസിനു വരുന്ന കുടുമ്പങളെ ദിവസത്തിന്റെ ഏതു സമയത്തും കാണാം..പക്ഷെ ഭാരതീയരുടെ എണ്ണം ജനസംഖ്യാനുപാതികമായി (7%) പോലും കാണാറില്ല .ഡോക്ടറ് നല്ല നടപ്പു വിധിക്കും വരെ കാത്തിരിക്കുന്നതാവാം! ഇവിടെ ഏകദേശം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍കുന്ന സമ്മെര്‍ എന്ന സൌകര്യം പ്രയോജനപ്പെടുത്തുന്നതു കൂടുതലും തണുപ്പു രാജ്യങളില്‍ നിന്നു വരുന്നവരാണു ,പിന്നെ fitness freaks ആയ ചൈനീസ് വംശജരും.



മെലിഞു ഉണങിയ അവരെല്ലാം എന്തിനാണു ഇങനെ ഓടുന്നതെന്നു ആ‍ദ്യ കാലങളില്‍ ഞാന്‍ സംശയിക്കാറുണ്ടായിരുന്നു‍ ... മെലിവും ഫിറ്റ്നെസ്സും ആയി ഒരു ബന്ധവുമില്ല എന്ന് പിന്നീട് മനസ്സിലാക്കി..
മെലിഞ സുന്ദരി നീയിവിടെ എന്താ ചെയ്യുന്നെ? ..ഇനിയും മെലിഞു നീ അന്തരീക്ഷത്തില്‍ അലിഞു പോവില്ലെ എന്ന വിഡ്ഡി ചോദ്യത്തിനു എന്റെ അയല്‍കാരി പെണ്‍കുട്ടി പറയുന്ന മറുപടി ,Best way to unleash your thoughts എന്നാണു... സഹനടപ്പുകാരാ‍യ ചില നായ്കുട്ടികളെ കാണുമ്പോള്‍ ഈ unleashing ഒരു ചെറിയ ചിരി വരുത്തും.കാര്യമായ അഴിച്ചുവിടല്‍ ഒന്നും ഇല്ല, അല്പം അയച്ചു വിടല്‍ മാത്രം..എങ്കിലും ഒരോ നടത്തവും ഒരു പുതിയ ഉണറ്‌വു നല്‍കും..അടി മുടി പൂത്തുലഞു നില്‍ക്കുന്ന അശോകത്തിന്റെ നീണ്ട നിര..നാഗലിംഗപ്പൂക്കളുടെ നേര്‍ത്ത സുഗന്ധം..ആരും കാണാതെ പൊട്ടിച്ചെടുത്ത ഒരു വെള്ളതാമര , ബ്രെഡ് കഷണത്തിനു വേണ്ടി പിന്നാലെ വരുന്ന കറുത്ത അരയന്നം, വെയില്‍ കായുന്ന ആമ കൂട്ടങള്‍ , തെളി വെള്ളത്തില്‍ നീന്തി തുടിക്കുന്ന മത്സ്യങള്‍ ...ആ കാഴ്ച് കണ്ടു വിടരുന്ന കുഞി കണ്ണുകളിലെ അത്‌ഭുതം ....അങിനെയും ചിലതു ബാക്കിയാവും


മുന്‍‌കുറിപ്പ്

Monday, August 20, 2007

സിംഹപുരിയിലെ വായന ശാലകള്‍

ഏഴുനിലയുള്ള ചായക്കട..നിലയിലൊക്കെയും നിലകണ്ണാടി..ഈ പാട്ടാണു എപ്പോഴും ഇവിടെ വരുമ്പോള്‍ ഓര്‍മ വരുന്നതു..ഇതു 16 നിലയുള്ള നാഷണല്‍ ലൈബ്രറി യാണു.. സിംഗപൂരിലെ ട്രോപ്പിക്കല്‍ കാലാവഥയുടെ തീക്ഷണത നേരിടുവാനുള്ള സാങ്കേതിക തികവോടെ നിറ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിന്റെ ഡിസൈന്‍ പല അവാര്‍ഡുകള്‍ നേടി.(കൂടുതല്‍ വിവരങള്‍ക്കു മുകളിലെ ലിങ്ക് കാണുക)

ഈ നാട്ടുകാരെ പറ്റി കടുത്ത അസൂയ തോന്നുന്നതു ഇവരുടെ പബ്ലിക്‌ ലൈബ്രറി കാണുമ്പോള്‍ മാത്രമാണു..ഇതു മുഖ്യമായും റഫറന്‍സ്‌ ലൈബ്രറി ആണു. മ്റ്റു എല്ലാ പ്രധാന ഉപനഗരങ്ങളിലും ഇത്രയും വലുതല്ലെങ്കിലും ശാഖകള്‍ ഉണ്ടു.. 30-ല്‍ അധികം ശാഖകള്‍.പൊതു അവധി ദിവസം ഒഴിച്ചു എന്നും തുറന്നിരിക്കും ,രാവിലെ 10 മുതല്‍ രാത്രി 9 വരെ .. ഒരു പക്ഷെ ഞങ്ങള്‍ സകുടുംബം ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന ഒരിടമാണിതു.


പുസ്തങ്ങള്‍ എടുക്കുന്നതും തിരിച്ചു കൊടുക്കുന്നതും എല്ലാം നമുക്കു സ്വയം ചെയ്യാം ,എന്നുവച്ചാല്‍ ജീവനക്കാരുടെ സഹായമില്ലാതെ അതിന്നായി സ്ഥാപിച്ചിട്ടുള്ള ഒട്ടൊമാറ്റിക് സംവിധാനങളുടെ സഹായത്തോടെ ചെയ്യാം.കഥാ പുസ്തകങ്ങള്‍ , കമ്പ്യൂട്ടര്‍ ,ബിസ്സിനെസ്‌ ,മാനേജ്‌മന്റ്‌ ,പാചകം ,ട്രാവെല്‍ ,പാരന്റിംഗ്‌,ഫോട്ടോഗ്രാഫി , കുട്ടികളുടെ പുസ്തകങ്ങള്‍ എന്നു തുടങ്ങി ഒരു വിധം എല്ലാ വിഭാഗങ്ങളിലും ഉള്ള ആയിരക്കണക്കിനു പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ നിറച്ചിരിക്കുന്നു,നിരോധിക്കപ്പെട്ട ചിലവ ഒഴികെ ,രണ്ടു വറ്ഷം മുന്‍പു വരെ ഹാരി പോട്ടെര്‍ ബളാക് മാജിക് വിഭാഗത്തില്‍ പെടുത്തി പടിക്കു പുറത്തു നിറുത്തിയിരിക്കുകയായിരുന്നു.

ചില ശാഖകള്‍ ഒരു theme പിന്തുടരുന്നു..യുവത്വത്തിന്റെ ആഘോ‍ഷം കൊടിയേറുന്ന orchard road ലെ ലൈബ്രറി യുവാക്കളുക്കു സമര്‍മിപ്പിയ്ക്കപെട്ടിരിക്കുന്നു .. Theatre @ bay എന്നറിയപ്പെടുന്ന Esplanade ഇല്‍ ഉള്ള ശാഖ library @ esplanade കല്യ്ക്കു വേണ്ടിയാണു്.


CD/ DVD യുടെ വന്‍ശേഖരം ഉണ്ടു ,അതു എടുക്കാന്‍ premium membership വേണം എന്നു മാത്രം. Multimedia വിഭാഗത്തില്‍ internet പരതാനും വീഡിയൊ കാണാനും (ചെറിയ തുകയക്കു) ഉള്ള സൌകര്യം ഒരുക്കിയിരിക്കുന്നു.

കുട്ടികളുക്കുള്ള വേണ്ടിയുള്ള professional ആളുകളുടെ കഥ പറയല്‍ ,ആരോഗ്യ പ്രഭാഷണങ്ങള്‍, ചെറിയക്ലാസ്സുകള്‍( അതില്‍ ഒന്നില്‍ നിന്നാണു ഞാന്‍ അരമണികൂറ് കൊണ്ടു ജെറ്മന്‍ പഠിച്ചതു ) ദേശീയോത്ഗ്രഥനം ലക്ഷ്യമാക്കിയുള്ള വിവിധ ഭാഷ വിഭാഗങളുടെ പ്രചരണപരിപാടികള്‍ ഒക്കെ സംഘടിപ്പിയ്ക്കപ്പെടുന്നു..
എന്നാല്‍ ഈ സൌകര്യങള്‍ ഈ ജനത വേണ്ടവിധം പ്രയോജനപ്പെടുത്തുന്നുവോ എന്നു സംശയം തോന്നും ...കൂടുതല്‍ ആളുകളും ഇവിടം ഒറ്റയ്ക്കൊ കൂട്ടം കൂടിയിരുന്നോ പഠിക്കുന്നതിനാണു കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതു..പരീക്ഷ കാലങ്ങളില്‍ ഇരിക്കാന്‍ ഇടം കിട്ടണമെങ്കില്‍ വലിയ പ്രയാസമാണു.പൂര്‍ണമായും എയര്‍ കണ്ടിഷന്റ്‌ ആയതിനാല്‍ ആണു ഈ തിരക്കു എന്നു ദോഷദൃക്കുകള്‍ പറയാറു ....ഭൂരിഭാഗം ജനങ്ങളും ഫ്ലാറ്റില്‍ കഴിയുന്നവരായതിനല്‍ TV ,PC തുടങ്ങിയ പ്രലോഭങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നാതാവം സത്യം. മാഞ്ചുവടും തട്ടിന്‍ പുറവും ഒന്നും മിക്കവര്‍ക്കും ഇല്ല ... എന്നാല്‍ കൂട്ടം ചേര്‍ന്നു പഠിക്കുന്നവരെ മാക്‌ ഡൊണാല്‍ഡ്‌സിലും കോഫി ബീന്‍ ഇലും ഒക്കെ കാണാം ..ഇപ്പോഴത്തെ കുട്ടികളുക്കു പഠിക്കാന്‍ നിശബ്ദത ആവശ്യമില്ല എന്നു തോന്നുന്നു..പാട്ടു കേട്ടു ,SMS ചെയ്തു ,ചാറ്റു ചെയ്തു പഠിക്കാന്‍ കഴിയും ,പുതു തലമുറയ്ക്കു്...


കുട്ടികളുടെ വിഭാഗം പൊതുവെ ശബ്ദമുഖരിതം ആയിരിക്കും ..വായിക്കാന്‍ ഇനിയും പഠിച്ചിട്ടിലാത്ത കുരുന്നുകളുക്കു കഥ വായിച്ചു കൊടുക്കുന്ന അമ്മമാര്‍ സ്ഥിരം കാഴ്ചയാണു ..ഷെല്‍ഫുകള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന കുറുമ്പന്‍ കുട്ടികളും ,പിന്നെ ആ ഷെല്‍ഫുകളുടെ പത്മവ്യൂഹത്തില്‍ വഴിതെറ്റി നിറകണ‌്ണോടെ അമ്മയെ തിരഞ്ഞു നടക്കുന്നവരും ,ആകാംഷ സഹിക്കാന്‍ വയ്യാതെ നഖം കടിച്ചു പുസ്തകത്തില്‍ കണ്ണു നട്ടിരിക്കുന്നവരും ധാരാളം ..സ്കൂള്‍ അവധി കാലത്തു അവിടത്തെ ജോലിക്കാര്‍ ,ബുക്ക്‌ അടുക്കി വച്ചു തളരും .


ആംഗലേയം ,ചൈനീസ്‌ ,മലായ്‌ ,തമിഴ്‌ എന്നിങ്ങനെ സിംഗപൂരിലെ അംഗീകൃത ഭാഷകളില്‍ ഉള്ള പുസ്തകങ്ങള്‍ ,മഗസീനുകള് എല്ലം ‍ധാരാളം ,മലയാളം ഇല്ല (നിച്ച്‌ അസൂയ വരും.. ).. കുകുമം ,കുമുദം ,ആനന്ദവികടന്‍ എന്നിവയില്‍ ഈയിടെയായി മലയാളി സാന്നിധ്യം ഉണ്ടു..നയന്‍ താര,ഭാവന, അസിന്‍, ഗോപിക ഒക്കെ ആണു മുഖചിത്രങ്ങളില്‍..പിന്നെ അവരുടെ വിശേഷങ്ങളും. ..ഒരുപാടു പുസ്തകങള്‍ ഇവിടെ നിന്നു കിട്ടിയിട്ടുണ്ടു..അരുന്ധതി റോയെ അടക്കം ഞാനിവിടെ നിന്നു ആണു കണ്ടെടുക്കുന്നതു..പക്ഷെ ഈയിടെവിക്രം സേത്തീന്റെ suitable boy കുറച്ചു ദിവസം തലയിണയായി ഉപയോഗിച്ച്തിനു ശേഷം തിരിച്ചു കൊടുത്തു, വായന തീരെ വീജയിച്ചില്ല. യുദ്ധവും സമാധാനവും മുതല്‍ ഫറവൊന്റെ ശവകുടീരം വരെ എന്തും വായിക്കാന്‍ കഴിഞിരുന്ന കാലം വിദൂരത്തിലായി എന്നു തോന്നുന്നു ..


ലൈബ്രറിയുടെ വലിയ ശാഖകളില്‍ മിക്കതിലും മൂലയില്‍ ഒരു കോഫി ഷോപ്പ് ഉണ്ടു, കുറച്ചു വിലകൂടുതല്‍ ആണെങ്കിലും ഒരു കാപ്പുച്ചിനൊവൊ ലാറ്റേയൊ നുണഞ്ഞു ഒരു മഫിനും രുചിച്ചു പുസ്തകം വായിച്ചിരിക്കാം എന്നൊരു രസമുണ്ടു...


ഇവിടെ വായന മാത്രമല്ല കെട്ടൊ ..പ്രേമം ,പിണക്കം ,കണ്ണീരു ഒക്കെയുണ്ടു ..ചിരിയടക്കാന്‍ ബുദ്ധിമുട്ടുന്ന സ്കൂള്‍ കുട്ടികള്‍ ,മിക്കവാറും പ്രോജക്ട്‌ വര്‍ക്കു ചെയ്യാനാണു ഇവരു വരുന്നുതു...ഒരിക്കല്‍ ചെറിയ ബുദ്ധി തകരാറുള്ള ,പുസ്തകം വായിക്കാന്‍ കൂട്ടാക്കാത്ത മകനുമായി കരഞ്ഞു കരഞ്ഞു ഇരിക്കുന്ന ഒരു അമ്മയെ കണ്ടു....ഇവിടെ അപരിചിതരുടെ കാര്യങളില്‍ ഇടപെടുക എന്നതു അവരുടെ സ്വകാര്യയതയുടെ അതിറ്‌ത്തി ലംഘനമാ‍യീ കരുതപ്പെടും ,എങ്കിലും സഹായം എന്തെങ്കിലും വേണോ എന്ന് എനിക്കു ചോദിക്കാതിരിക്കാന്‍ ആയില്ല.അവര്‍ അതു ഞാന്‍ ചോദിച്ചതിനു ഒരു പാടു നന്ദി പ്രകടിപ്പിച്ചു ,അപ്പൊള്‍ എന്റെ കണ്ണാണു നിറഞ്തു. കുറെ കൂടി കഥാപുസ്തകം എടുക്കണമെന്നു വാശി പിടിക്കുന്ന കുട്ടികളും കഥാപുസ്തകം കുറച്ചു മതി വിവരവറ്‌ദ്ധിനികള്‍ എടുക്കണം എന്നു ശഠിക്കുന്ന മാതാപിതാക്കളും (ന്നെ പോലെ )പിണങി നില്‍കുന്ന കുട്ടികളും ഒക്കെയും പതിവു കാഴ്ചകള്‍ ..


വലിയ വയറുമായി parenting പുസ്തകം തേടുന്ന ഗര്‍ഭിണികള്‍ , പാചക കുറിപ്പുകള്‍ പകര്‍ത്തിയെഴുതുന്ന സ്ത്രീകള്‍ ,എന്നും ഒരേ ഇടത്തില്‍ ഇരിക്കാന്‍ ശ്രമിക്കുന്ന സ്ഥിരം കുറ്റികളായ റിട്ടയര്‍ ചെയ്തവര്‍ , പുസ്തകം കൈയിലെടുത്തു ഇരുന്നു ഉറങ്ങുന്നവര്‍ , തിരക്കു കൂട്ടി രാവിലെ പത്രം വായിക്കാനെത്തുന്നവര്‍ , പുസ്തകം തുറന്നു വച്ചു വറ്ത്തമാനം പറഞ് വെറുതെ സമയം കളയുന്നവറ് ,ലാപ് ടോപിന്റെ ജാലകകാഴ്ച്ചകളില്‍ ലോകം മറന്നവര്‍ എന്നിങനെ ഒരുപാടു തരം ആളുകളെ ഇവിടെകാണം ...


ഇതൊക്കെ എങ്ങിനെ കാണുന്നുവെന്നൊ?..നീണ്ട വായനക്കിടയില്‍ പുസ്തക താളുകളുക്കു മേല്‍ അനുവാദമില്ലാതെ വന്നു വീഴുന്ന ദൃശ്യങ്ങളാണിവ...അല്ലാതെ ഒന്നും വേണമെന്നു വച്ച് കാണുന്നതല്ല:)


പിന്‍‌ക്റിപ്പ്
എന്റെയും വീട്ടിലുള്ളവരുടെയും പരീക്ഷാ വിജയങ്ങളില്‍ ഈ ലൈബ്രറി ഒരു പാടു സഹായിച്ചിടുണ്ടു..അതിനാല്‍ ഈ കുറിപ്പു ഉദ്ദിഷ്ടകാര്യസാധ്യത്തിനു ഉപകാരസ്മരണ എന്ന വകുപ്പില്‍ പെടുത്തുന്നു..

ചിത്രം കടപ്പാട് വിക്കി ലേഖനം

മുന്‍‌കുറ്പ്പ്--ചിത്രങളും ലേഖനവും ഒരു തുടക്കം